മലപ്പുറം: രോഗിയായ യാത്രക്കാരന് സീറ്റ് അനുവദിക്കാത്തതിനും കൃത്യമായ സ്റ്റോപ്പിൽ ഇറക്കാത്തതിന്റെയും പേരിൽ ജില്ലാ ഉപഭോക്തൃ കമ്മിഷൻ കെ.എസ്.ആർ.ടി.സി.ക്ക് 30,000 രൂപ പിഴ ചുമത്തി. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീൻ കോർമത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.
രോഗിയായ മുഹമ്മദ് സൈനുദ്ദീൻ തൃശ്ശൂർ ആമ്പല്ലൂരിൽ നിന്നും മലപ്പുറം കൊളപ്പുറത്തേക്ക് പോകുന്ന ബസ്സിലാണ് കയറിയത്. ഇരിക്കാൻ സീറ്റ് ഇല്ലാത്തതിനെ തുടർന്ന് 3 മണിക്കൂർ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോൾ തൃശ്ശൂരിൽനിന്ന് സീറ്റു കിട്ടുമെന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. തൃശ്ശൂരിലെത്തിയപ്പോൾ ഒഴിഞ്ഞ സീറ്റുകളിലൊന്നിൽ സൈനുദ്ദീൻ ഇരുന്നെങ്കിലും ഒരു യാത്രക്കാരനെത്തി താൻ റിസർവ്വ് ചെയ്ത സീറ്റ് ആയതിനാൽ സീറ്റൊഴിയാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കണ്ടക്ടറും സീറ്റൊഴിയാൻ ആവശ്യപ്പെട്ടു. മറ്റു സീറ്റുകളിൽ യാത്രക്കാർ ഇരുന്നതിനാൽ സൈനുദ്ദീന് നിന്ന് യാത്രചെയ്യേണ്ടിവന്നു. കൂടാതെ സർവീസ് റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ യാത്ര തുടർന്നതിനാൽ കക്കാട് സ്റ്റോപ്പിൽ ഇറങ്ങുന്നതിന് പകരം കൂരിയാട്ട് ഇറങ്ങേണ്ടി വന്നു. ഇതേത്തുടർന്ന് സൈനുദ്ദീൻ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു.
45 ദിവസത്തിനകം നഷ്ടപരിഹാരമായ 25,000 രൂപയും 5,000 രൂപ കോടതിചെലവും കെ.എസ്.ആർ.ടി.സി നൽകണം. അല്ലെങ്കിൽ ഒൻപത് ശതമാനം പലിശയടക്കം നൽകേണ്ടിവരുമെന്നാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മിഷൻ വിധിച്ചത്. കെ.എസ്.ആർ.ടി.സി. എം.ഡി.യാണ് പിഴ അടയ്‌ക്കേണ്ടത്.















