കോഴിക്കോട്: ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദൻ നൽകിയ പരാതിയിലാണ് നടപടി.
സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ അശ്ലീല ദൃശ്യങ്ങളുമായി ചേർത്താണ് പ്രതി പ്രചരിപ്പിച്ചിരുന്നത്. വൻ തുക ഈടാക്കിയാണ് ടെലഗ്രാം ഗ്രൂപ്പുകൾ വഴി ഈ ചിത്രങ്ങൾ വിൽപന നടത്തിയിരുന്നത്. ചിത്രങ്ങളുടെ വിൽപനയ്‌ക്ക് പുറമെ ‘കണ്ടന്റുകൾ’ പരസ്പരം കൈമാറുന്ന എക്സ്ചേഞ്ചിങ് രീതിയും ഗ്രൂപ്പുകളിൽ നടന്നിരുന്നതായി പരാതിയിൽ പറയുന്നു. തനിക്ക് നേരത്തെ പരിചയമുള്ള യുവാവാണ് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതെന്ന് സാന്ദ്ര വെളിപ്പെടുത്തി.
നിരവധി പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇത്തരം ഗ്രൂപ്പുകളിൽ ഉണ്ടെന്നും പ്രതി നിരന്തരം പെൺകുട്ടികൾക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവ വഴി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചിരുന്നതായും ഇവർ ആരോപിക്കുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത വിവരം അറിഞ്ഞതോടെയാണ് സാന്ദ്ര പരാതിയുമായി മുന്നോട്ട് വന്നത്. കേസിൽ അന്വേഷണം ഊർജിതമാക്കിയതായും പ്രതിയുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കൂടുതൽ അന്വേഷണം നടക്കുകയാണ്.















