തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. വൈകുന്നേരം 6 മണി മുതല്‍ അര്‍ദ്ധരാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ അര മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി തീരുമാനം. കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിലാണ് ഈ അടിയന്തര തീരുമാനം കൈക്കൊണ്ടത്. പീക്ക് അവറുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണം.
എയര്‍ കണ്ടീഷണറുകളുടെ താപനില 24 നും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ ചില പ്രധാന കാരണങ്ങള്‍ യോഗം വിലയിരുത്തി. രാത്രികാലങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂട്ടത്തോടെ ചാര്‍ജ് ചെയ്യുന്നത് ഗ്രിഡിന് വലിയ ഭാരമാകുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പാചകവാതക ലഭ്യതയില്‍ ഉണ്ടായ കുറവ് കാരണം കൂടുതല്‍ പേര്‍ ഇന്‍ഡക്ഷന്‍ കുക്കറുകളിലേക്ക് മാറിയത് വൈദ്യുതി ഉപയോഗം കൂട്ടി. ചൂട് വര്‍ദ്ധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസികളുടെ ഉപയോഗം റെക്കോര്‍ഡ് നിലയിലെത്തി. അപ്രതീക്ഷിതമായ ഈ വര്‍ദ്ധനവ് നേരിടാന്‍ പീക്ക് സമയങ്ങളില്‍ അനാവശ്യമായ ലൈറ്റുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്ത് സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും ബോര്‍ഡ് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ മിതമായി വൈദ്യുതി ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.















