കൊച്ചി: പ്രവാസികള്‍ക്കും അവധിക്കാല യാത്രക്കാര്‍ക്കും ആശ്വാസമേകി ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഏപ്രില്‍ 30 മുതല്‍ പുനഃസ്ഥാപിച്ചത്. കേരളത്തിന് പുറമെ അമൃത്സര്‍, ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഗള്‍ഫ് മേഖലകളിലേക്ക് പറന്നു തുടങ്ങി.
ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ടുള്ള കണക്റ്റിവിറ്റി ലഭ്യമാകും. ദുബായ്, അബുദാബി, ഷാര്‍ജ, റാസല്‍ ഖൈമ, അല്‍ ഐന്‍, ജിദ്ദ, റിയാദ്, ദമാം, മസ്‌ക്കറ്റ് (ഒമാന്‍), ദോഹ (ഖത്തര്‍), ബഹ്റൈന്‍, കുവൈറ്റ് എന്ന് ഗര്‍ഫ് നഗരങ്ങളിലേക്കാണ് നിലവില്‍ സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. സ്‌കൂള്‍ അവധിക്കാലം ആരംഭിക്കുന്നതോടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന പ്രവാസികള്‍ക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചത് വലിയ ഗുണകരമാകും.
കൂടുതല്‍ വിമാനങ്ങള്‍ എത്തുന്നതോടെ ടിക്കറ്റ് നിരക്കിലെ വര്‍ധനവില്‍ ചെറിയ ശമനമുണ്ടാകുമെന്നും യാത്രക്കാര്‍ പ്രതീക്ഷിക്കുന്നു. വിദേശത്തുനിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.















