കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാല്‍ കൊടിയംകുണ്ട് സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പോലീസ് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോലീസ് സംഘം പോകുന്നതിനിടെയാണ് ഓട്ടോയുമായി ജീപ്പ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
അപകടത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. അപകടത്തില്‍പ്പെട്ട പോലീസ് വാഹനം ഉടന്‍തന്നെ ക്രെയിന്‍ ഉപയോഗിച്ച് സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ പോലീസ് ശ്രമിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. തെളിവുകള്‍ നശിപ്പിക്കാനാണ് പോലീസ് തിടുക്കം കാട്ടുന്നതെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് വാഹനം മാറ്റാനുള്ള നീക്കം താല്‍ക്കാലികമായി ഉപേക്ഷിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത് എന്നതിനാല്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മരിച്ച രാജുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.















