മുംബൈ: മഹാരാഷ്‌ട്രയുടെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണ്ണായക നാഴികക്കല്ലായി മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ‘മിസ്സിംഗ് ലിങ്ക്’ (ങശശൈിഴ ഘശിസ) പാത തുറന്നു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പാത ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, സുനേത്ര പവാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി തന്നെ കാറോടിച്ച് പുതിയ പാതയിലൂടെ യാത്ര ചെയ്തു.
പുതിയ പാത നിലവില്‍ വരുന്നതോടെ മുംബൈയ്‌ക്കും പുണെയ്‌ക്കും ഇടയിലുള്ള യാത്രാസമയത്തില്‍ ഏകദേശം 30 മിനിറ്റ് കുറവുണ്ടാകും. തിരക്കേറിയ ലോണാവാല-ഖണ്ഡാല ഘാട്ട് മേഖലയെ ഒഴിവാക്കി പോകാമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. കൂടാതെ, രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരത്തില്‍ ആറ് കിലോമീറ്ററോളം കുറയുകയും ചെയ്യും. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ (മെയ് 1 മുതല്‍ ഒക്ടോബര്‍ 31 വരെ) ലഘുവാഹനങ്ങള്‍ക്കും പാസഞ്ചര്‍ ബസുകള്‍ക്കും മാത്രമാണ് ഈ പാതയില്‍ പ്രവേശനം അനുവദിക്കുക.
കാറുകള്‍ക്ക് മണിക്കൂറില്‍ 100 കിലോമീറ്ററും ബസുകള്‍ക്ക് 80 കിലോമീറ്ററുമാണ് വേഗത നിശ്ചയിച്ചിരിക്കുന്നത്. ചരക്ക് വാഹനങ്ങള്‍ക്ക് നിലവില്‍ നിയന്ത്രണമുണ്ട്. ആറ് മാസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമേ വലിയ വാഹനങ്ങളെ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. 13.3 കിലോമീറ്റര്‍ നീളമുള്ള ഈ പാത ആധുനിക എഞ്ചിനീയറിംഗിന്റെ അത്ഭുതമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വീതിയേറിയ രണ്ട് തുരങ്കങ്ങള്‍ (23.75 മീറ്റര്‍ വീതി) ഇതിന്റെ ഭാഗമാണ്.
ടൈഗര്‍ വാലിക്ക് മുകളിലൂടെ 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച കേബിള്‍ പാലം ഈ പാതയിലെ പ്രധാന ആകര്‍ഷണമാണ്. ലോണാവാല തടാകത്തിന് അടിയിലൂടെയാണ് ഈ പാത കടന്നുപോകുന്നത് എന്നതും സവിശേഷതയാണ്. നിലവില്‍ പ്രതിദിനം 75,000-ല്‍ അധികം വാഹനങ്ങള്‍ കടന്നുപോകുന്ന മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ഗതാഗതക്കുരുക്കിന് പുതിയ പാത വലിയ പരിഹാരമാകും. അപകടങ്ങള്‍ക്കും ഗതാഗത തടസ്സങ്ങള്‍ക്കും പേര് കേട്ട ഘാട്ട് മേഖലയിലെ തിരക്ക് കുറയുന്നതോടെ യാത്ര കൂടുതല്‍ സുരക്ഷിതവും വേഗമേറിയതുമാകും.















