പൂനെ: മഹാരാഷ്‌ട്രയെ നടുക്കിയ ക്രൂരമായ സംഭവത്തില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. പൂനെ ജില്ലയിലെ ഭോര്‍ താലൂക്കിലുള്ള നസ്രാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അവധിക്കാലം ആഘോഷിക്കാനായി അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവദിവസം പ്രതി കുട്ടിയെ വീടിനടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയി. അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് തിരിച്ചറിയാതിരിക്കാന്‍ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാന്‍ കുട്ടിയുടെ മൃതദേഹം തൊഴുത്തിലെ ചാണകക്കുഴിയില്‍ കുഴിച്ചിട്ടു.
ഉച്ചയായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ഇതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാണകക്കുഴിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നസ്രാപൂര്‍ ഗ്രാമത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് കുട്ടിയുടെ മൃതദേഹം പോലീസ് സ്റ്റേഷന് സമീപം എത്തിച്ചപ്പോള്‍ ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ചു.
ഇന്ന് ഗ്രാമത്തില്‍ പൂര്‍ണ്ണ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്നു. ഭൈരവനാഥ് ക്ഷേത്രത്തില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കേസ് അതിവേഗ കോടതിയില്‍ വാദം കേള്‍ക്കുമെന്നും 15 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൂനെ റൂറല്‍ പോലീസ് സൂപ്രണ്ട് സന്ദീപ് സിംഗ് ഗില്‍ ഉറപ്പുനല്‍കി. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്.















