ദിസ്പുര്‍: വടക്കുകിഴക്കന്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ഹൃദയമായ അസമില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് ചുവടുവെച്ച് ഭാരതീയ ജനതാ പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്.
നിലവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം എന്‍ഡിഎ സഖ്യം കേവല ഭൂരിപക്ഷത്തിനാവശ്യമായ 64 സീറ്റുകള്‍ കടന്ന് 99 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഒറ്റയ്‌ക്ക് 52 സീറ്റുകളില്‍ മുന്നിലുണ്ട്. കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷ സഖ്യം നിലവില്‍ 24 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ്. ജലൂക്ബാരി മണ്ഡലത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വലിയ ഭൂരിപക്ഷത്തിലേക്കാണ് കുതിക്കുന്നത്.
പ്രതിപക്ഷ നിരയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിച്ചിട്ടില്ല. എന്നാല്‍ ദിസ്പൂരില്‍ ബിജെപിയില്‍ നിന്നും വന്ന പ്രദ്യുത് ബോര്‍ദോലോയ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്‌ക്കുന്നുണ്ട്.വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ ലീഡ് ഉയര്‍ത്തിയത് ബിജെപി ക്യാമ്പുകളില്‍ വലിയ ആവേശം ഉണ്ടാക്കിയിട്ടുണ്ട്.
ഹിമന്ത ബിശ്വ ശര്‍മ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സംഘടനാ മികവിനും അസം ജനത നല്‍കിയ അംഗീകാരമായാണ് ഈ വിജയത്തെ ബിജെപി വിശേഷിപ്പിക്കുന്നത്. വരും മണിക്കൂറുകളില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതോടെ അസമില്‍ പുതിയൊരു രാഷ്‌ട്രീയ അധ്യായം കൂടി എഴുതപ്പെടും.















