പനാജി: ഗോവയിലെ ധര്‍ബന്ദോര വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഗ്ലോട്ട് ഗ്രാമത്തിന് സമീപമാണ് കടുവയുടെ അഴുകിയ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും വനത്തിനുള്ളില്‍ തിരച്ചില്‍ ശക്തമാക്കുകയും ചെയ്തു. കടുവയുടെ ജഡം പൂര്‍ണ്ണമായും അഴുകിയ നിലയിലായതിനാല്‍ മരണകാരണം വ്യക്തമല്ലെങ്കിലും, പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. കടുവയുടെ പല്ലുകളും നഖങ്ങളും നഷ്ടപ്പെട്ടതായി സംശയമുയര്‍ന്നെങ്കിലും, ജഡം അഴുകിയതിനാലോ മറ്റ് മൃഗങ്ങള്‍ ഭക്ഷിച്ചതിനാലോ സംഭവിച്ചതാകാമെന്നാണ് അധികൃതരുടെ വിശദീകരണം. ഗോവയില്‍ സ്ഥിരതാമസക്കാരായ കടുവകളില്ലെന്ന സര്‍ക്കാരിന്റെ വാദത്തിനിടയിലും 2009-ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആറാമത്തെ കടുവ മരണമാണിത്.
മഹാവീര്‍ വന്യജീവി സങ്കേതത്തിന് പുറത്തുള്ള സ്വകാര്യ വനമേഖലയിലാണ് ഇപ്പോള്‍ ജഡം കണ്ടെത്തിയിരിക്കുന്നത്. മഹാദയി വന്യജീവി സങ്കേതവും സമീപപ്രദേശങ്ങളും ഉള്‍പ്പെടുത്തി ടൈഗര്‍ റിസര്‍വ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമായി. മുന്‍പ് 2020-ല്‍ നാല് കടുവകളെ വിഷം കൊടുത്തു കൊന്ന സംഭവത്തിന് പിന്നാലെ ബോംബെ ഹൈക്കോടതി ടൈഗര്‍ റിസര്‍വ് വിജ്ഞാപനം ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
കടുവകള്‍ ഗോവയില്‍ സ്ഥിരമായി താമസിക്കുന്നില്ലെന്നും അയല്‍സംസ്ഥാനങ്ങളിലെ വനങ്ങളില്‍ നിന്ന് വല്ലപ്പോഴും കടന്നുപോകുന്നവ മാത്രമാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. നിലവിലുള്ള നിയമങ്ങള്‍ തന്നെ കടുവകള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നു. എന്നാല്‍, കേന്ദ്ര ഉന്നതാധികാര സമിതി 2025 നവംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗോവയില്‍ ടൈഗര്‍ റിസര്‍വ് വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണ്ണായകമാകും.















