കോട്ടയം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു. നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് തെളിയിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും, പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി രണ്ടുതവണ സമയം നീട്ടി നല്‍കിയിട്ടും കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് എന്‍. ഹരി ചൂണ്ടിക്കാട്ടി.
അന്വേഷണ സംഘത്തിന്റെ വീഴ്ച മൂലം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള 11 പ്രതികള്‍ക്കും ജാമ്യം ലഭിക്കാന്‍ ഇടയായി. കള്ളപ്പണ ഇടപാടുകള്‍ പരിശോധിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തിയപ്പോള്‍ അതിനെ കോടതിയില്‍ എതിര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. അന്തര്‍സംസ്ഥാന ബന്ധമുള്ള ഇത്തരം ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് പാര്‍ട്ടി നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ കേസ് അട്ടിമറിച്ച് സിപിഎം നേതാക്കളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചതെന്ന് ഹരി ആരോപിച്ചു.
ഇതിന്റെ ഭാഗമായാണ് അന്വേഷണം നീണ്ടുപോയത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കുള്ള രോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതായി അദ്ദേഹം പറഞ്ഞു. ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത രണ്ട് മന്ത്രിമാരുടെയും തോല്‍വി വിശ്വാസികളുടെ വിജയമാണ്. വിശ്വാസ സംരക്ഷണത്തിനായി മുന്നണിയില്‍ നിന്ന വി. മുരളീധരന്‍ കഴക്കൂട്ടത്ത് നേടിയ വിജയം ബിജെപി നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. ശബരിമല വിഷയത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത തെളിയിക്കാന്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് തയ്യാറാകണമെന്ന് ഹരി ആവശ്യപ്പെട്ടു.
സ്വര്‍ണ്ണക്കൊള്ളക്കേസ് സിബിഐക്ക് വിടുക, യുവതീപ്രവേശന കാലത്ത് ഭക്തര്‍ക്കെതിരെ എടുത്ത നൂറുകണക്കിന് കേസുകള്‍ പിന്‍വലിക്കുക എന്നിവയാണ് അയ്യപ്പഭക്തരോടുള്ള നീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.















