ചെന്നൈ: ആറ് പതിറ്റാണ്ട് കാലം തമിഴ് മണ്ണില്‍ ഉറച്ചുനിന്ന ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ രാഷ്‌ട്രീയ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ്യുടെ തമിഴക വെട്രി കഴകം അധികാരത്തിലേക്ക്. പട്ടിനമ്പാക്കത്തെ വസതിയില്‍ വെച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുമായി വിജയ് കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന മന്ത്രിസഭയുടെ രൂപരേഖ തയ്യാറാക്കുന്നതിനും സഖ്യസാധ്യതകള്‍ ആരായുന്നതിനുമാണ് പ്രാധാന്യം നല്‍കിയത്.
ടി.വി.കെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊളത്തൂരില്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് വലിയ ആഘാതമായി. എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും മറ്റ് ചെറിയ പാര്‍ട്ടികളുടെയും പിന്തുണ വിജയ് ഉറപ്പാക്കിയേക്കും. വിജയ് പിന്തുണ തേടിയ കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ സ്ഥിരീകരിച്ചു.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്ന് പിന്തുണ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. നിലവില്‍ ഡി.എം.കെ സഖ്യത്തിലുള്ള വി.സി.കെ, സി.പി.ഐ, സി.പി.എം, ഐ.യു.എം.എല്‍ എന്നീ കക്ഷികളുമായും വിജയ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. ഈ പാര്‍ട്ടികള്‍ കൂടി പിന്തുണ നല്‍കിയാല്‍ വിജയ്യുടെ ഭൂരിപക്ഷം സുരക്ഷിതമാകും.
മെയ് 7-ന് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യും. ഒപ്പം ഒമ്പത് കാബിനറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. ദ്രാവിഡ കക്ഷികള്‍ വിട്ടുവീഴ്ചയില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, തമിഴ് രാഷ്‌ട്രീയത്തിലെ ഈ വന്‍മാറ്റം ദേശീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ നിര്‍ണ്ണായകമായ രാഷ്‌ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.















