കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞു കൊണ്ട് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ, സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തേക്കും. മെയ് 8 വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ അദ്ദേഹത്തെ ഔദ്യോഗികമായി നേതാവായി പ്രഖ്യാപിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ വിജയിച്ച 207 ബിജെപി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ബിജെപി സംസ്ഥാന ആസ്ഥാനത്ത് ഇത്രയധികം അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ മറ്റൊരു വേദിയാകും യോഗത്തിനായി തിരഞ്ഞെടുക്കുക.
സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ സുവേന്ദുവിന്റെ പേര് നിര്‍ദ്ദേശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും. തുടര്‍ന്ന് സുവേന്ദു അധികാരിയും സംഘവും രാജ്ഭവനിലെത്തി സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 ശനിയാഴ്ചയാകും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ ബംഗാളില്‍ ആദ്യമായാണ് ഒരു ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
ബംഗാള്‍ മണ്ണില്‍ ജനിച്ചു വളര്‍ന്ന, ബംഗാളി ഭാഷ സംസാരിക്കുന്ന ഒരാളാകണം മുഖ്യമന്ത്രിയെന്ന ബിജെപിയുടെ പ്രഖ്യാപനത്തിന് ഏറ്റവും അനുയോജ്യനായ നേതാവാണ് സുവേന്ദു അധികാരി. 2021-ല്‍ നന്ദിഗ്രാമില്‍ മമതയെ പരാജയപ്പെടുത്തിയ അദ്ദേഹം, ഇത്തവണ ഭവാനിപ്പൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് അവരെ അട്ടിമറിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന സുവേന്ദു, പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെത്തുടര്‍ന്ന് 2020-ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
അഴിമതിക്കും നുഴഞ്ഞുകയറ്റത്തിനുമെതിരെ അദ്ദേഹം ഉയര്‍ത്തിയ ശബ്ദം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തി. നന്ദിഗ്രാം പ്രക്ഷോഭകാലത്ത് മമതയുടെ വലംകൈ ആയിരുന്ന സുവേന്ദു, ഇന്ന് അവരുടെ രാഷ്‌ട്രീയ ആധിപത്യത്തിന് അന്ത്യം കുറിച്ചു കൊണ്ട് ബംഗാളിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയാണ്.















