ചെന്നൈ: കോൺഗ്രസ് ചെയ്ത ചതിക്കെതിരെ ഡിഎംകെ രംഗത്തു വന്നു. ടിവികെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് നിലപാടിനെതിരെ ഡിഎംകെ നിയമസഭാ കക്ഷി യോഗം പ്രമേയം പാസാക്കി. കോൺഗ്രസ് പിറകിൽനിന്ന് കുത്തിയെന്നും വഞ്ചിച്ചെന്നും ഡിഎംകെ പ്രമേയത്തിൽ കുറിച്ചു.
അവർ പഴയ ശീലങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് കോൺഗ്രസിനെതിരെയുള്ള ഡിഎംകെയുടെ പ്രമേയം തുടങ്ങുന്നത്. ഞങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ കോൺഗ്രസ് പാർട്ടി ഒരു രാജ്യസഭാ സീറ്റും 28 നിയമസഭാ മണ്ഡലങ്ങളും നേടി. അഞ്ച് സീറ്റിലെ വിജയത്തിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ എതിർചേരിയിലേക്ക് മാറി. സഖ്യകക്ഷി പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനം ഇതോടെ പാഴായി. പുതുച്ചേരിയിൽ, ഡി.എം.കെ കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായിരുന്നു. എന്നിട്ടും, ഡി.എം.കെക്ക് അനുവദിച്ച മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിച്ചുവെന്നും ഇത് ക്രൂരമായ പ്രവൃത്തിയായിരുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം മാത്രമല്ല, തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പോലും, കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഇത് തെളിയിച്ചിട്ടുണ്ടെന്നും ഡിഎംകെ പ്രമേയത്തിൽ പറയുന്നു.
സഖ്യത്തിന് വോട്ട് ചെയ്ത ജനങ്ങളോട് ഡിഎംകെ നന്ദി അറിയിച്ചു. ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സാഹചര്യങ്ങൾ അനുവദിച്ചില്ലെങ്കിലും ടിവികെയ്‌ക്ക് 17.43 ലക്ഷം വോട്ടുകൾ മാത്രമാണ് അധികമായി ലഭിച്ചതെന്നും ഡിഎംകെ പറയുന്നു . വോട്ട് ശതമാനത്തിലെ വ്യത്യാസം വെറും 3.52 ശതമാനം മാത്രമാണെന്നും ഡിഎംകെ അറിയിച്ചു. സ്റ്റാലിന് നന്ദി അറിയിച്ചുകൊണ്ടും ഡിഎംകെ പ്രമേയം പാസാക്കിയിട്ടുണ്ട്.















