തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൽ ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കുമെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിന്റെ അജണ്ട നിശ്ചയിക്കുന്നത് ലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. വിദ്യാഭ്യാസം പോലെ ഗൗരവമേറിയ വകുപ്പ് ദേശീയ പാർട്ടികളാണ് കൈകാര്യം ചെയ്യേണ്ടത്. അത് വർഗീയ പാർട്ടിക്ക് നൽകരുതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിലും ലീഗ് സമ്മർദ്ദ തന്ത്രം പയറ്റുകയാണ്. ഞങ്ങൾ ഞങ്ങളുടെ നിലപാട് അറിയിച്ചു എന്നാണ് കുഞ്ഞാലിക്കുട്ടിയും സംഘവും കോൺഗ്രസ് നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ ഹൈക്കമാൻഡിനെ അറിയിക്കുമെന്നും തുടർന്ന് കൂടുതൽ നിലപാട് പറയാമെന്നുമാണ് ലീഗ് നേതാക്കൾ പറയുന്നത്.
ഏത് മുന്നണി ഭരിച്ചാലും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇത്രത്തോളം സമ്മർദ്ദമുണ്ടായിട്ടില്ല. സർക്കാരിന്റെ നിയന്ത്രണം ലീഗിലും ജമാഅത്തെ ഇസ്ലാമിയിലും എത്തുന്നതിൽ പൊതുജനങ്ങൾക്ക് ആശങ്കയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.















