മുംബൈ: നാസിക് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന കേസില്‍ മുഖ്യപ്രതിയായ നിദ ഖാനെ നാടകീയ നീക്കങ്ങളിലൂടെ പോലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന നിദയെ ഛത്രപതി സംഭാജിനഗറിലെ നരേഗാവ് ഏരിയയിലുള്ള കൈസര്‍ കോളനിയില്‍ നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്. നിദ ഖാന്‍ ഒളിവിലാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഖാക്കി യൂണിഫോമും പോലീസ് ജീപ്പുകളും ഉപേക്ഷിച്ചാണ് പ്രത്യേക സംഘം നരേഗാവിലെത്തിയത്.
പ്രദേശവാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ സാധാരണ വസ്ത്രം ധരിച്ച ഇരുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ മൂന്ന്-നാല് ദിവസമായി ആ പരിസരത്ത് രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് പോലീസ് സംഘം താമസസ്ഥലം വളഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിദയ്‌ക്കൊപ്പം പിതാവ്, മാതാവ്, സഹോദരന്‍, അമ്മായി എന്നിവരും ആ സമയം വീട്ടിലുണ്ടായിരുന്നു.
2021 മുതല്‍ ടിസിഎസില്‍ ‘പ്രോസസ് അസോസിയേറ്റ്’ ആയി ജോലി ചെയ്തിരുന്ന നിദ ഖാന്‍, സഹപ്രവര്‍ത്തകര്‍ക്കിടയില്‍ മതപരമായ പുസ്തകങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് അവരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് കേസ്. ഏപ്രിലില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ടിസിഎസ് ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി താന്‍ ഗര്‍ഭിണിയാണെന്ന വാദം നിദ കോടതിയില്‍ ഉയര്‍ത്തിയെങ്കിലും കോടതി അത് തള്ളുകയും അറസ്റ്റ് തടയാന്‍ വിസമ്മതിക്കുകയും ചെയ്തു.
അര്‍ദ്ധരാത്രിയോടെ ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയ നിദയെ നാസിക് പോലീസ് ട്രാന്‍സിറ്റ് റിമാന്‍ഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യലിനായി നാസിക്കിലേക്ക് കൊണ്ടുപോയി. ഈ കേസില്‍ അറസ്റ്റിലാകുന്ന എട്ടാമത്തെ പ്രതിയാണ് നിദ ഖാന്‍. ഓഫീസിലെ മറ്റ് ചില ജീവനക്കാര്‍ക്കും ഈ റാക്കറ്റില്‍ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.















