ചെന്നൈ: ദിവസങ്ങള്‍ നീണ്ട രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും വിരാമം. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയതോടെ 120 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വിജയിനെ ക്ഷണിച്ചു. നാളെ രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി ടിവികെയ്‌ക്ക് ആവശ്യമായിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിജയ് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ അത് തള്ളുകയായിരുന്നു. എന്നാല്‍, സഖ്യകക്ഷികളുടെ പിന്തുണ കത്തുകള്‍ സഹിതം ഇന്ന് വീണ്ടും ഗവര്‍ണറെ സമീപിച്ചതോടെയാണ് അധികാരത്തിലേക്കുള്ള വഴി തെളിഞ്ഞത്.
ടിവികെ 108 സീറ്റുകള്‍ (വിജയ് രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചു). പിന്തുണയ്‌ക്കുന്ന കക്ഷികള്‍ കോണ്‍ഗ്രസ് (5), മുസ്ലിം ലീഗ് (2), സി.പി.എം (2), സി.പി.ഐ (2), വി.സി.കെ (2). ആകെ 121 (വിജയ് ഒരു സീറ്റ് ഒഴിയുന്നതോടെ സഭയിലെ ആകെ പിന്തുണ 120 ആയി മാറും). വിജയിന്റെ വിജയവാര്‍ത്ത പുറത്തുവന്നതോടെ തമിഴ്നാട്ടിലുടനീളം ടിവികെ പ്രവര്‍ത്തകര്‍ വന്‍ ആഘോഷത്തിലാണ്. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ആയിരക്കണക്കിന് ആരാധകരും പ്രവര്‍ത്തകരും തടിച്ചുകൂടി ‘ദളപതി’ മുദ്രാവാക്യങ്ങളുമായി ആനന്ദനൃത്തം ചവിട്ടി.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, രാഷ്‌ട്രീയ പ്രമുഖര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ ദിശ മാറ്റിക്കുറിക്കുന്ന പുതിയ ഭരണകൂടത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴകം.















