ചണ്ഡീഗഡ്: മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 താരവും പഞ്ചാബ് പേസറുമായിരുന്ന അമന്‍പ്രീത് സിംഗ് ഗില്‍ (36) അന്തരിച്ചു. ചണ്ഡീഗഡിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള അണ്ടര്‍-19 ടീമില്‍ അംഗമായിരുന്ന അമന്‍പ്രീത്, പഞ്ചാബ് ക്രിക്കറ്റിലെ സജീവ സാന്നിധ്യമായിരുന്നു.
2007-ല്‍ ഇന്ത്യക്കായി അഞ്ച് യൂത്ത് ഏകദിനങ്ങളിലും ഒരു യൂത്ത് ടെസ്റ്റിലും അമന്‍പ്രീത് കളിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ താരം തിസാര പെരേരയുടെ വിക്കറ്റ് വീഴ്‌ത്തിയത് അമന്‍പ്രീതിന്റെ കരിയറിലെ ശ്രദ്ധേയമായ നേട്ടമാണ്. 2008-ല്‍ കോഹ്ലിയുടെ കീഴില്‍ ലോകകപ്പ് നേടിയ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ആ ബാച്ചിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം.
പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 11 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. ഐപിഎല്‍ പ്രഥമ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലും അദ്ദേഹം അംഗമായിരുന്നു. വിരമിച്ച ശേഷം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ അമന്‍പ്രീതിന്റെ വിയോഗത്തില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. ‘അമന്‍പ്രീത് സിംഗ് ഗില്ലിന്റെ വിയോഗത്തില്‍ അതിയായ ദുഃഖമുണ്ട്. കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു,’ പിസിഎ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു.
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗും അമന്‍പ്രീതിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘അമന്‍പ്രീതിന്റെ വിയോഗവാര്‍ത്ത കേട്ട് അങ്ങേയറ്റം സങ്കടമുണ്ട്. കരിയറിന്റെ തുടക്കകാലത്ത് ഞങ്ങള്‍ ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ട്. മിതഭാഷിയും കഠിനാധ്വാനിയുമായിരുന്നു അവന്‍. ക്രിക്കറ്റിനെ അത്രയേറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു,’ യുവരാജ് കുറിച്ചു.















