ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷാ വലയം ശക്തമാക്കി. പാക് അനുകൂല ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ദേശീയ ആസ്ഥാനം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ സായുധ പോലീസിനെ വിന്യസിച്ചു.
പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തിരക്കേറിയ മാര്‍ക്കറ്റുകള്‍, രാഷ്‌ട്രീയ പാര്‍ട്ടി ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ച് ചാവേര്‍ ആക്രമണങ്ങള്‍ക്കോ ഐഇഡി സ്‌ഫോടനങ്ങള്‍ക്കോ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കി.
കഴിഞ്ഞ വര്‍ഷം ചുവപ്പുകോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ ഈ ഭീഷണിയെ കാണുന്നത്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, പ്രധാന മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ആന്റി സബോട്ടേജ് പരിശോധന ഊര്‍ജിതമാക്കി. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ പ്രത്യേക ദ്രുതകര്‍മ്മ സേനയെയും ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡുകളെയും സജ്ജമാക്കിയിട്ടുണ്ട്. പ്രധാന കവലകളിലും ആള്‍ക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളിലും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ നിരീക്ഷണം നടത്തുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളോ മറ്റ് വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ കണ്‍ട്രോള്‍ റൂമിലോ ഉടന്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനാവശ്യ ഭീതിയുടെ സാഹചര്യമില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്നും ഡല്‍ഹി പോലീസ് വക്താവ് അറിയിച്ചു.















