ഗുജറാത്ത്: ഹൈന്ദവ വിശ്വാസത്തിലെ പ്രഥമ ജ്യോതിർലിംഗമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് 75 വർഷം തികയുന്ന ‘സോമനാഥ് അമൃത് പർവ്-2026’ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുക്കും. ജാംനഗറിൽ നിന്ന് വ്യോമമാർഗ്ഗം സോമനാഥിലെത്തുന്ന പ്രധാനമന്ത്രി, ഭഗവാൻ സോമനാഥിന് പ്രത്യേക പൂജകൾ അർപ്പിക്കുകയും കുംഭാഭിഷേക ചടങ്ങുകളിൽ പങ്കുചേരുകയും ചെയ്യും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ സംഘവി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരാകും.
ഹെലിപാഡിൽ ഇറങ്ങിയ ശേഷം വീർ ഹമീർജി ഗോഹിൽ സർക്കിൾ വരെ സംഘടിപ്പിച്ചിട്ടുള്ള ബൃഹത്തായ റോഡ് ഷോയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യും. തുടർന്ന്, സോമനാഥ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകിയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തും. ക്ഷേത്രത്തിൽ നടക്കുന്ന കുംഭാഭിഷേകത്തിനും ക്ഷേത്രശിഖരത്തിലെ പതാക ഉയർത്തലിനും ശേഷം പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
ഈ ചരിത്ര നിമിഷത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഇന്ത്യൻ വ്യോമസേനയുടെ ‘സൂര്യകിരൺ’ എയറോബാറ്റിക് ടീമിന്റെ അതിശയകരമായ വ്യോമാഭ്യാസ പ്രകടനങ്ങളും സോമനാഥിന്റെ ആകാശത്ത് അരങ്ങേറും. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ആഘോഷങ്ങളോടനുബന്ധിച്ച് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്.















