തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ പിണറായി വിജയന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്നും വാടക വീട്ടിലേക്ക് താമസം മാറി. നഗരമധ്യത്തില്‍ ബേക്കറി ജങ്ഷന് സമീപം റിസര്‍വ് ബാങ്കിന് അടുത്തുള്ള വീടാണ് അദ്ദേഹം താമസത്തിനായി തിരഞ്ഞെടുത്തത്. ക്ലിഫ് ഹൗസില്‍ നിന്നുള്ള സാധനങ്ങളും മറ്റ് സാമഗ്രികളും പുതിയ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ അദ്ദേഹം നേരിട്ട് പുതിയ വസതിയിലേക്കാണ് എത്തിയത്.
നിലവില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കാവല്‍ മുഖ്യമന്ത്രിയായി അദ്ദേഹം തുടരുകയാണ്. നേരത്തെ പാര്‍ട്ടി കേന്ദ്രമായ ചിന്താ ഫ്ലാറ്റിലേക്ക് അദ്ദേഹം മാറുമെന്നായിരുന്നു കരുതിയിരുന്നത്. ഇതിനായി ഫ്ലാറ്റ് സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം സ്വകാര്യമായ സൗകര്യങ്ങള്‍ കൂടി പരിഗണിച്ച് വാടക വീട്ടിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു.
സി.പി.എമ്മില്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയില്‍ ശക്തമാണ്. അദ്ദേഹം ഈ പദവി ഏറ്റെടുക്കുകയാണെങ്കില്‍ വൈകാതെ തന്നെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറ്റിയേക്കും. നിലവില്‍ പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ക്കായി രാഷ്‌ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.















