ചെന്നൈ: തമിഴ്നാട്ടില്‍ ഭരണമാറ്റത്തിന് പിന്നാലെ നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പിലും തമിഴക വെട്രി കഴകം തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു. പരിചയസമ്പന്നനായ നേതാവ് ജെ.സി.ഡി. പ്രഭാകറിനെയാണ് മുഖ്യമന്ത്രി വിജയ് സ്പീക്കര്‍ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് എം. രവിശങ്കറും പത്രിക നല്‍കി. നാളെ രാവിലെ 9.30-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയോ അണ്ണാ ഡിഎംകെയോ ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മത്സരത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുന്നതോടെ ജെ.സി.ഡി. പ്രഭാകറിന്റെ തിരഞ്ഞെടുപ്പ് ഏകകണ്ഠമായേക്കും എന്നാണ് സൂചന.
വിജയ് സര്‍ക്കാരിന്റെ സഭാ നടപടികള്‍ പരിചയസമ്പന്നമായ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് ഉറപ്പാക്കാനാണ് 73-കാരനായ പ്രഭാകറിനെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. 1980-ല്‍ തന്റെ 28-ാം വയസ്സില്‍ വില്ലിവാക്കം മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. എഐഎഡിഎംകെയിലെ മുന്‍നിര നേതാവായും ഒ. പനീര്‍സെല്‍വത്തിന്റെ വിശ്വസ്തനായും ദശാബ്ദങ്ങളോളം പ്രവര്‍ത്തിച്ചു. 2026 ജനുവരിയിലാണ് അദ്ദേഹം വിജയ്യുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ നിന്ന് ഡിഎംകെയുടെ എഴിലന്‍ നാഗനാഥനെ പരാജയപ്പെടുത്തിയാണ് ഇത്തവണ സഭയിലെത്തിയത്. കന്നി ഭരണത്തില്‍ സഭയ്‌ക്കുള്ളില്‍ പരിചയസമ്പന്നരായ നേതാക്കളുടെ കുറവ് പരിഹരിക്കാനാണ് പ്രഭാകറിനെപ്പോലൊരു മുതിര്‍ന്ന രാഷ്‌ട്രീയക്കാരനെ സ്പീക്കര്‍ കസേരയില്‍ വിജയ് ഇരുത്തുന്നത്. സഭാ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും പ്രഭാകറിനുള്ള അറിവ് സര്‍ക്കാരിന് വലിയ തുണയാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.
നിയമസഭാ സെക്രട്ടറിക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ച പ്രഭാകറിനൊപ്പം ടിവികെയിലെ പ്രമുഖ നേതാക്കളും സന്നിഹിതരായിരുന്നു. തമിഴ്നാട് രാഷ്‌ട്രീയത്തില്‍ വിജയ്യുടെ രാഷ്‌ട്രീയ നീക്കങ്ങള്‍ എത്രത്തോളം കൃത്യതയുള്ളതാണെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനവും.















