ആലപ്പുഴ: അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ചു. വീതി കുറഞ്ഞ സർവീസ് റോഡിലുണ്ടായ അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.
അമ്പലപ്പുഴ കച്ചേരി മുക്കിന് തെക്ക് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്.കായംകുളത്തു നിന്ന് എറണാകുളത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ പിന്നിൽ നിയന്ത്രണം തെറ്റിയ കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു.
ഒരു വാഹനത്തിന് മാത്രം കടന്നു പോകാവുന്ന വീതി കുറഞ്ഞ സർവീസ് റോഡിലുണ്ടായ ഈ അപകടത്തെത്തുടർന്ന് പിന്നാലെയെത്തിയ മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതായതോടെ ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്ന് കാർ തള്ളിമാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.















