ന്യൂഡല്‍ഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി ഇന്ത്യ. ഭീകരകേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നല്‍കുന്ന രാജ്യങ്ങള്‍ സ്വന്തം വിശ്വാസ്യതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിലുള്ള സല്‍പ്പേരിനെക്കുറിച്ചും ചിന്തിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
2025 മെയ് മാസത്തില്‍ ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നല്‍കിയിരുന്നുവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമത്തിലൂടെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. ചൈനീസ് ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷനിലെ മുതിര്‍ന്ന എഞ്ചിനീയറാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ഇതിനോടാണ് ഇന്ത്യ ഇപ്പോള്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്നത് ഒരു ഉത്തരവാദിത്തമുള്ള രാജ്യത്തിന് ചേര്‍ന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭീകരകേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നിയന്ത്രിത സൈനിക നീക്കമായിരുന്നു ഇത്. പാക് ഭരണകൂടം ഭീകരര്‍ക്ക് നല്‍കുന്ന പിന്തുണ തകര്‍ക്കുകയായിരുന്നു ലക്ഷ്യം.
വന്‍ശക്തികള്‍ ആര്‍ക്കൊപ്പമാണ് കൈകോര്‍ക്കുന്നത് എന്ന് ലോകം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ഇന്ത്യ ഓര്‍മ്മിപ്പിച്ചു. ‘പാകിസ്ഥാനെ ചൈന സഹായിച്ചുവെന്ന വാര്‍ത്തകളില്‍ പുതിയതായി ഒന്നുമില്ല, നേരത്തെ അറിയാമായിരുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരീകരണം ലഭിച്ചു എന്ന് മാത്രം. ഭീകരതയെ പിന്തുണയ്‌ക്കുന്നവരുടെ കൂട്ടുപിടിക്കുന്നത് ചൈനയുടെ അന്താരാഷ്‌ട്ര നിലപാടുകളെ ബാധിക്കുമെന്ന് അവര്‍ തിരിച്ചറിയണം എന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര വാര്‍ത്താ സമ്മേളനം. ചൈനയും പാകിസ്ഥാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് ആഗോള സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നത്.















