ചണ്ഡീഗഢ്: പഞ്ചാബ് പോലീസിലെ വിജിലന്‍സ് വിഭാഗത്തെ പ്രതിക്കൂട്ടിലാക്കി ചണ്ഡീഗഢിലെ ആസ്ഥാന ഓഫീസില്‍ സിബിഐ മിന്നല്‍ പരിശോധന. വിജിലന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേന്ദ്ര ഏജന്‍സിയുടെ ഈ നിര്‍ണ്ണായക നീക്കം. തിങ്കളാഴ്ച രാത്രി ആരംഭിച്ച പരിശോധനകള്‍ ചൊവ്വാഴ്ചയും തുടര്‍ന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് നടന്ന കൈക്കൂലി ഇടപാടാണ് സിബിഐ വലയിലായത്. ഒരു സംസ്ഥാന നികുതി ഉദ്യോഗസ്ഥനെതിരെയുള്ള പരാതി ഒതുക്കിത്തീര്‍ക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് കേസ്.
ചണ്ഡീഗഢില്‍ സിബിഐ ഒരുക്കിയ കെണിയില്‍ 13 ലക്ഷം രൂപയും ആഡംബര ഫോണും കൈപ്പറ്റുന്നതിനിടെ അങ്കിത് വാധ്വ എന്നയാള്‍ പിടിയിലായി. രക്ഷപ്പെടാന്‍ ശ്രമിച്ച ഇടനിലക്കാരായ വികാസ് ഗോയല്‍, മകന്‍ രാഘവ് ഗോയല്‍ എന്നിവരെ സിബിഐ സംഘം പിന്തുടര്‍ന്ന് പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാലയ്‌ക്ക് സമീപം വെച്ച് പിടികൂടി. വിജിലന്‍സ് ഡിജിയുടെ റീഡറായ ഒ.പി. റാണയ്‌ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 9 ലക്ഷം രൂപയും നിര്‍ണ്ണായക രേഖകളും പിടിച്ചെടുത്തു. എകെ 47 തോക്കുകളുമായി സ്വകാര്യ വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കിയ പഞ്ചാബ് പോലീസുകാരുടെ പങ്കും സിബിഐ അന്വേഷിച്ചു വരികയാണ്. വിജിലന്‍സ് വകുപ്പിലെ സുപ്രധാന വിവരങ്ങള്‍ ഒ.പി. റാണ ഇടനിലക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയതായും തെളിവുകള്‍ ലഭിച്ചു. വിഷയം പഞ്ചാബില്‍ വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.
‘അഴിമതിക്കാര്‍ക്ക് ഇനി രക്ഷയില്ല. ‘സബ്കാ സാത്ത് സബ്കാ വികാസിനൊപ്പം’ തന്നെ ഇനി ‘സബ്കാ ഹിസാബും’ (എല്ലാവര്‍ക്കും കണക്ക്) ചോദിക്കും’ ബിജെപി പ്രസിഡന്റ് സുനില്‍ ജാഖര്‍ പറഞ്ഞു.















