ലഖ്നൗ: പരിസ്ഥിതി സംരക്ഷണത്തിനും ഇന്ധന നിയന്ത്രണത്തിനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരുടെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം അമ്പത് ശതമാനമായി കുറയ്‌ക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം കൈക്കൊണ്ടത്.
ഇന്ധന ഉപഭോഗം കുറയ്‌ക്കുന്നതിനായി കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മെട്രോയിലോ പൊതു ബസ്സിലോ യാത്ര ചെയ്യണം. സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ സാധ്യമായ ഇടങ്ങളില്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കും. കൂടുതല്‍ ജീവനക്കാരുള്ള ഓഫീസുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം ശുപാര്‍ശ ചെയ്യുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം ഉടന്‍ പുറപ്പെടുവിക്കും.
സെമിനാറുകള്‍, ഔദ്യോഗിക വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഓണ്‍ലൈനായി നടത്തണം. സെക്രട്ടേറിയറ്റിലെ പകുതി മീറ്റിംഗുകളും വെര്‍ച്വലായിരിക്കണം. പരിസ്ഥിതി സൗഹൃദ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം തന്നെ സംസ്ഥാനത്തെ സാധാരണ ജനങ്ങളും ഇന്ധന നിയന്ത്രണ പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് യോഗി ആദിത്യനാഥ് അഭ്യര്‍ത്ഥിച്ചു. പരിസ്ഥിതി സൗഹൃദമായ ഒരു ഭരണസംസ്‌കാരം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങള്‍.















