ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ ഇക്ബാൽ സിംഗ് എന്ന ഷേറയെ എൻഐഎ അറസ്റ്റ് ചെയ്തു. വിവിധ ഏജൻസികളുടെ സഹകരണത്തോടെ പോർച്ചുഗലിൽ നിന്നാണ് ഭീകരനെ ഇന്ത്യയിൽ എത്തിച്ച് കസ്റ്റഡിയിലെടുത്തത്.
പഞ്ചാബിലെ അമൃത്സർ സ്വദേശിയാണ് ഷേറ. ഹിസ്ബുൾ മുജാഹിദ്ദീൻ ഫണ്ടിംഗ് കേസിൽ മുഖ്യ പ്രതിയാണ് ഇയാൾ. നിയമപരമായ നടപടികൾക്ക് ശേഷമാണ് ഭീകരനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 2020 ലാണ് ഇയാൾ ഒളിവിൽ പോയത്. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഡ്രഗ് മാഫിയകൾക്കും ഭീകരവാദ ഗ്രൂപ്പുകൾക്കും വലിയ തിരിച്ചടിയാണ് ഷെറയുടെ കൈമാറ്റവും അറസ്റ്റുമെന്ന് ഭീകരവാദ വിരുദ്ധ ഏജൻസി പറഞ്ഞു.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദിനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ഹെറോയിൻ കടത്തായിരുന്നു ഹിസ്ബുളിന്റെ പ്രധാന വരുമാന സ്രോതസ്സ്. ഇത് നിയന്ത്രിച്ചത് ഷെറയായിരുന്നു. പഞ്ചാബ് പോലീസിന്റെ പിടിയിലായ ഹിസ്ബുൾ ഭീകരൻ ഹിലാൽ അഹമ്മദ് ഷെർഗോജ്രിയിൽ നിന്നാണ് ഷെറയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
2020 ഒക്ടോബറിൽ ഷെറയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2021 ജൂണിലാണ് ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്..















