രാജപുരം: വിരമിക്കല്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കെ വിധി തേനീച്ചയുടെ രൂപത്തിലെത്തി. കാസര്‍കോട് പനത്തടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സി. വിജയകുമാര്‍ (56) തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ ചാമുണ്ഡിക്കുന്ന് കീഴക്കേ തുമ്പോടിയിലെ കൃഷിയിടത്തിലായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നാല് തൊഴിലാളികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
സ്വന്തം കൃഷിയിടത്തില്‍ കാട് വെട്ടിത്തെളിക്കുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പോയതായിരുന്നു വിജയകുമാര്‍. തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പെരുന്തേനീച്ചക്കൂട്ടം ഇളകിവരികയും വിജയകുമാറിനെയും മറ്റുള്ളവരെയും അതിശക്തമായി ആക്രമിക്കുകയുമായിരുന്നു. തേനീച്ചയുടെ കുത്തേറ്റ് ബോധരഹിതനായി തെങ്ങിന്‍ ചുവട്ടില്‍ വീണ വിജയകുമാറിനെ ഉടന്‍ തന്നെ ബന്തടുക്കയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരിക്കേറ്റ നന്ദകുമാര്‍, രാഘവന്‍, കേശവന്‍, ചന്ദ്രന്‍ എന്നിവര്‍ ചികിത്സയിലാണ്. ഈ മാസം 31-ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വിജയകുമാറിന്റെ വിയോഗം. പനത്തടി സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകന്റെ വേര്‍പാട് നാടിനെയും സഹപ്രവര്‍ത്തകരെയും ഒരുപോലെ കണ്ണീരിലാഴ്‌ത്തി.
പരേതനായ ചന്ദ്രശേഖരന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: അഞ്ജനാ അഖില്‍, വിഷ്ണു വിജയന്‍. മരുമകന്‍: ഡോ. അഖില്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്ത് കാട് വെട്ടിത്തെളിക്കുമ്പോഴും കൃഷിപ്പണികളില്‍ ഏര്‍പ്പെടുമ്പോഴും തേനീച്ചക്കൂട്ടങ്ങള്‍ ഉണ്ടോ എന്ന് മുന്‍കൂട്ടി പരിശോധിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.















