തിരുവനന്തപുരം: ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എംഎൽഎമാരും, എസ്എൻഡിപിയും, എൻഎസ്എസ്സും എന്ന പരിഹാസവുമായി പിസി ജോർജ്. മുസ്‌ലിം ലീഗിന്റെ നിർബന്ധത്തിനു വഴങ്ങി വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിസി ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഈ തീരുമാനം ജന വികാരം മാനിച്ചാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധരോട് കർണാടകയിലും, മധ്യ പ്രദേശിലും, രാജസ്ഥാനിലും ഒന്നും ഹൈ കമാൻഡ് ചെവി കൊടുക്കാത്ത ജന വികാരത്തിനു കേരളത്തിൽ മാത്രം ചെവി കൊടുത്തെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നും പിസി ജോർജ് കുറിച്ചു.
ഇന്ന് രാവിലെ ഡൽഹിയിൽ എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.















