ശ്രീനഗർ: ലഹരി മാഫിയകൾക്കെതിരെ അതിശക്തമായ നടപടിയുമായി ജമ്മുകശ്മീർ ഭരണകൂടം. കുൽഗാമിലെയും അനന്ത്നാഗിലെയും ലഹരി കടത്തുകാരുടെയും വിൽപ്പനക്കാരുടെയും കെട്ടിടങ്ങൾ ജമ്മു കശ്മീർ പൊലീസ് പൊളിച്ചുമാറ്റി. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ 100 ദിവസത്തെ ‘ലഹരിമുക്ത ജമ്മു കശ്മീർ ഓപ്പറേഷന്റെ’ ഭാഗമായാണ് നടപടി. കശ്മീരിലെ മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരുടെയും അടിവേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ.
കുൽഗാമിൽ കുപ്രസിദ്ധ ലഹരി കടത്തുകാരനായ ജഹാംഗീർ അഹമ്മദ് ഭട്ടിന്റെ മൂന്ന് അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. അനന്ത്നാഗിൽ ആസിഫ് അലി പാല, നിസാർ അഹമ്മദ് കസാന എന്നീവരുടെ അനധികൃത കെട്ടിടങ്ങളാണ് തകർത്തത്. ലഹരി വ്യാപാരത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് സ്വത്ത് വാങ്ങിക്കൂട്ടിയതെന്നും നിയമപരമായ നടപടിക്രമങ്ങൾ കർശനമായി പാലിച്ചാണ് നടപടി സ്വീകരിച്ചതെന്നും പോലീസ് വക്താവ് പറഞ്ഞു.
ശ്രീനഗറിൽ കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള 1.20 കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും പോലീസ് കണ്ടുകെട്ടി. നൂർബാഗ് സ്വദേശിയായ ആദിൽ മൻസൂർ ഭട്ടിന്റെ സ്വത്താണ് പിടിച്ചെടുത്തത്. എൻഡിപിഎസ് നിയമപ്രകാരമാണ് പ്രകാരമാണ് ജപ്തി നടത്തിയതെന്ന് പോലീസ് വക്താവ് പറഞ്ഞു.
















