ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ നയതന്ത്ര രംഗത്ത് ഭാരതത്തിന് നിര്‍ണ്ണായക പങ്കുവഹിക്കാനാകുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ന്യൂഡല്‍ഹിയില്‍ നടന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ ചബാഹര്‍ തുറമുഖ പദ്ധതി ഇന്ത്യ-ഇറാന്‍ സഹകരണത്തിന്റെ മുഖമുദ്രയാണെന്നും അമേരിക്കന്‍ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യ നിക്ഷേപം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും വ്യാപാര പാത തുറക്കുന്ന ചബാഹര്‍ തുറമുഖം ഇന്ത്യയ്‌ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി.
‘ഇന്ത്യയ്‌ക്ക് മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ഒരു സ്വര്‍ണ്ണവാതിലായി ഈ തുറമുഖം മാറും,’ അദ്ദേഹം പറഞ്ഞു. യുഎസ് ഉപരോധം കാരണം പദ്ധതിയുടെ വേഗത കുറഞ്ഞതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യ സ്വീകരിക്കുന്ന നിഷ്പക്ഷ നിലപാടിനെ ഇറാന്‍ വിദേശകാര്യ മന്ത്രി പ്രശംസിച്ചു. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാന്‍ എല്ലാ രാജ്യങ്ങളുമായും നല്ല സൗഹൃദമുള്ള ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകും.
ഗള്‍ഫ് മേഖലയില്‍ നയതന്ത്രം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ഏത് ക്രിയാത്മക നീക്കത്തെയും ഇറാന്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചബാഹര്‍ തുറമുഖത്തിനായുള്ള യുഎസ് ഉപരോധ ഇളവ് ഈ വര്‍ഷം ഏപ്രിലില്‍ അവസാനിച്ചിരുന്നു. ഷാഹിദ് ബെഹെഷ്തി ടെര്‍മിനലിന്റെ പ്രവര്‍ത്തനത്തിനായി 10 വര്‍ഷത്തെ കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഉപരോധം മറികടക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഇന്ത്യ തേടുന്നുണ്ട്. ഇറാനിലെ പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി ചുമതല കൈമാറുന്നതടക്കമുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ട്രംപ് ഭരണകൂടമാണ് പശ്ചിമേഷ്യയിലെ സമാധാനത്തിന് തടസ്സമെന്ന് ആരോപിച്ച അരാഗ്ചി, സമ്മര്‍ദ്ദങ്ങള്‍ക്ക് ഇറാന്‍ വഴങ്ങില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് സൈനികമായ പരിഹാരമില്ലെന്നും വ്യക്തമാക്കി. നയതന്ത്ര തലത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയെ ഇറാന്‍ വലിയ വിലയോടെയാണ് കാണുന്നത്.















