തിരുവനന്തപുരം: ഒടുവിൽ രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തര വകുപ്പ് വിട്ടു നൽകി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. സമ്മർദ്ദങ്ങൾക്കൊടുവിൽ ആഭ്യന്തരവകുപ്പ് വിട്ടു നൽകാൻ വിഡി സതീശൻ സമ്മതിച്ചു. ഇന്ന് നടന്ന വി.ഡി സതീശൻ-രമേശ് ചെന്നിത്തല കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇതോടെ വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് മന്ത്രിയാകും. സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. ഇത് സംബന്ധിച്ച ഉറപ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രമേശ് ചെന്നിത്തലയ്‌ക്ക് നൽകിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
പാർട്ടി ദേശീയ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി
മന്ത്രിസഭയിൽ ചേരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. ആഭ്യന്തരം വിട്ടുനൽകുന്ന കാര്യത്തിൽ വി.ഡി. സതീശൻ പൂർണ തൃപ്തനല്ലെങ്കിലും മുഖ്യമന്ത്രിപദം ലഭിച്ച സ്ഥിതിക്ക് ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് കൊടുക്കാൻ അദ്ദേഹം നിർബന്ധിതനാകുകയായിരുന്നു. തനിക്ക് ആഭ്യന്തരമില്ലെങ്കിൽ ധനകാര്യം വേണമെന്ന് സതീശൻ നിലപാടെടുത്തെന്നാണ് റിപ്പോർട്ട്.
തന്റെ ഒപ്പമുള്ള രണ്ട് പേരെ മന്ത്രിയാക്കണമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ജോസഫ് വാഴയ്‌ക്കനെ പരിഗണിക്കണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചിരുന്നു. ഈ കാര്യത്തിൽ ഉടൻ തീരുമാനം ആകുമെന്നാണ് ആർ.സി. ക്യാംപ് പ്രതീക്ഷിക്കുന്നത്. അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ എന്നീ പേരുകളാണ് മന്ത്രിസ്ഥാനത്തേയ്‌ക്ക് ഉയർന്നുകേൾക്കുന്നത്.















