ചെന്നൈ: തമിഴ്നാട് രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുകള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകാരം നല്‍കി. രാജ്ഭവന്‍ പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് മന്ത്രിമാരും അവര്‍ക്ക് അനുവദിച്ച വകുപ്പുകളും സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി വിജയ് തന്നെ ഏറ്റവും നിര്‍ണ്ണായകമായ വകുപ്പുകള്‍ തന്റെ കൈവശം സൂക്ഷിച്ചിട്ടുണ്ട്. ആഭ്യന്തരം (പോലീസ്), പൊതുഭരണം, ജനറല്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവയ്‌ക്ക് പുറമെ വനിതാ-ശിശു ക്ഷേമം, യുവജനക്ഷേമം, ഭിന്നശേഷി-മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം, നഗരസഭ ഭരണം, കുടിവെള്ള വിതരണം എന്നീ വകുപ്പുകളും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
പ്രധാന മന്ത്രിമാരും വകുപ്പുകളും:
കെ.എ. ചെങ്കോട്ടയ്യന്‍: ധനകാര്യം
കെ.ജി. അരുണ്‍ രാജ്: ആരോഗ്യം
ആദവ് അര്‍ജുന: പൊതുമരാമത്ത്, കായികം
എസ്. കീര്‍ത്തന: വ്യവസായം
ആര്‍. നിര്‍മല്‍ കുമാര്‍: ഊര്‍ജ്ജം, നിയമം
പി. വെങ്കിട്ടരാമന്‍: ഭക്ഷ്യം, പൊതുവിതരണം
രാജ്‌മോഹന്‍: സ്‌കൂള്‍ വിദ്യാഭ്യാസം
ടി.കെ. പ്രഭു: പ്രകൃതിവിഭവം
ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വിജയിന്റെ തമിഴക വെട്രി കഴകം തമിഴ്‌നാട് രാഷ്‌ട്രീയത്തിലെ വമ്പന്‍ സ്രാവുകളെ നിഷ്പ്രഭമാക്കിയാണ് അധികാരത്തിലെത്തിയത്. 234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ദശാബ്ദങ്ങളായി തമിഴ് മണ്ണില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഡിഎംകെ, അണ്ണാഡിഎംകെ കക്ഷികള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണിത്.
ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2), മുസ്ലിം ലീഗ് (2) എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സര്‍ക്കാര്‍ രൂപീകരിച്ചത്. യുവത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പുതിയ മന്ത്രിസഭ തമിഴ്നാടിന്റെ വികസന കുതിപ്പിന് പുതിയ വേഗത നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.















