തിരുവനന്തപുരം: മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു .
പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്. മുഴുവൻ എം.എൽ.എമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ജി. സുധാകരന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. എം എൽ എ മാരുടെ സത്യ പ്രതിജ്ഞ വ്യാഴാഴ്ച ആയിരിക്കും നടക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അദ്ദേഹം സഭയെ നിയന്ത്രിക്കും. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും നിര്ദേശിക്കാനാണ് യു.ഡി.എഫ് നീക്കം.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുന്ന ധവളപത്രം പുറത്തിറക്കുന്നത് സംബന്ധിച്ചും സിൽവർ ലൈൻ പദ്ധതി റദ്ദാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനങ്ങൾ ഉണ്ടായേക്കും.















