തിരുവനന്തപുരം: തൊടുപുഴയിലെ വിവാദ മുദ്രാവാക്യം വിളിച്ച മുസ്ലിം യൂത്ത് ലീഗ് നേതാവിനെ മന്ത്രിയുടെ പി. എ ആക്കാൻ നീക്കം. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിസാമുദ്ദീനെ മുസ്ലിം ലീഗ് മന്ത്രിയുടെ പി.എ ആക്കാനാണ് നീക്കം നടക്കുന്നത്.
വിവാദ മുദ്രാവാക്യം വിളിച്ചതിന് ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ബിജെപി തൊടുപുഴ മണ്ഡലം കമ്മിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് നിസാമുദ്ദീനെ പി.എ ആക്കാനുള്ള ശ്രമം നടക്കുന്നത്.
വി. ഡി സതീശന് അഭിവാദ്യമര്‍പ്പിച്ച് യുത്ത് ലീഗ് നടത്തിയ പ്രകടനത്തിലെ മുദ്രാവാക്യങ്ങളാണ് വിവാദമായത്. ലീഗ് ഭരിക്കും കേരള മണ്ണെന്ന് മുദ്രാവാക്യം. ‘കേരള മണ്ണിലെ നിയമങ്ങള്‍ ലീഗ് പറയും’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളികളാണ് മുഴങ്ങിയത്. ഹിന്ദു സാമുദായിക നേതാക്കളായ വെള്ളാപ്പള്ളി നടേശനെയും ജി. സുകുമാരൻ നായരെയും അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു നികൃഷ്ടമായ മുദ്രാവാക്യങ്ങൾ ഉയർന്നത്.
സംഭവം വിവാദമാകുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ മുഖം രക്ഷിക്കാനായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ലീഗ് സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്യുകയും തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ . യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നിസാമുദ്ദീനെ പി. എയായി നിയമിക്കാൻ അണിയറയിൽ നീക്കം ശക്തമാകുന്നു എന്നാണ് റിപ്പോർട്ട്. നികൃഷ്ടമായ മുദ്രാവാക്യത്തിലൂടെ സമാധാനം തകർക്കാൻ ശ്രമിച്ച നേതാവിനെ ഉയർന്ന പോസ്റ്റിൽ നിയമിക്കുന്നതിലൂടെ മുസ്ലിം ലീഗിന്റെ യഥാർത്ഥ അജണ്ടയാണ് പുറത്തുവരുന്നത്.















