ഭുവനേശ്വര്‍: ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്‌നി-1’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു പരീക്ഷണം. രാജ്യത്തിന്റെ തന്ത്രപ്രധാന ആണവായുധ ശേഖരത്തിന്റെ ചുമതലയുള്ള സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈല്‍ സംവിധാനത്തിന്റെ എല്ലാ പ്രവര്‍ത്തനപരവും സാങ്കേതികവുമായ മാനദണ്ഡങ്ങളും വിക്ഷേപണത്തിലൂടെ വിജയകരമായി വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെ സഞ്ചരിച്ച മിസൈല്‍ കൃത്യതയോടെ തന്നെ ലക്ഷ്യസ്ഥാനത്ത് പതിച്ചതായി അധികൃതര്‍ അറിയിച്ചു.
700 മുതല്‍ 900 കിലോമീറ്റര്‍ വരെയുള്ള ലക്ഷ്യസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നി-1 മിസൈല്‍. ഒരൊറ്റ ഘട്ടമായി ഖരഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മിസൈല്‍ റോഡ് മാര്‍ഗ്ഗം എളുപ്പത്തില്‍ എവിടേക്കും മാറ്റാന്‍ കഴിയുന്ന ഒന്നാണ്. ആയിരം കിലോ ഗ്രാം വരെയുള്ള പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ഒരേപോലെ വഹിക്കാന്‍ ഇതിന് ശേഷിയുണ്ട്.
ഇന്ത്യയുടെ വിശ്വസനീയമായ പ്രതിരോധ ശേഷിയുടെ ഭാഗമായ അഗ്‌നി-1 മിസൈല്‍ സംവിധാനത്തിന്റെ വിശ്വാസ്യതയും സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിന്റെ സന്നദ്ധതയും അടിവരയിടുന്നതാണ് ഈ വിജയകരമായ പരീക്ഷണം. മേഖലയിലെ ലക്ഷ്യങ്ങള്‍ക്കെതിരെ അതിവേഗത്തിലും കൃത്യതയോടെയും പ്രഹരമേല്‍പ്പിക്കാന്‍ ഈ മിസൈല്‍ സംവിധാനം ഇന്ത്യയെ സഹായിക്കുന്നു.
2004-ലാണ് അഗ്‌നി-1 മിസൈല്‍ ഇന്ത്യന്‍ സായുധ സേനയുടെ ഭാഗമാകുന്നത്. നിലവില്‍ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡിനാണ് ഇതിന്റെ പ്രവര്‍ത്തന ചുമതല. ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ആണ് അഗ്‌നി ശ്രേണിയിലുള്ള മിസൈലുകള്‍ വികസിപ്പിച്ചെടുത്തത്.















