ബെംഗളൂരു: ഐ.ടി നഗരത്തിലെ മഡിവാളയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കേരളത്തില്‍ നിന്ന് കര്‍ണാടക പോലീസ് സംഘം പിടികൂടിയത്. പിടിയിലായ പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം ട്രാന്‍സിറ്റ് വാറന്റ് മുഖേന ബെംഗളൂരുവില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
ഗുരുതരമായ ഈ കുറ്റകൃത്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ആദ്യഘട്ട വീഴ്ചയും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ പഠനത്തോടൊപ്പം സുഹൃത്തുക്കളുടെ കഫേയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയുമായിരുന്നു ഇരുപതുകാരിയായ പെണ്‍കുട്ടി. കഫേ ആരംഭിക്കാന്‍ സഹായിച്ച പരിചയത്തിലാണ് പ്രതി ഹൈനസ് ഇവരുമായി അടുപ്പത്തിലാകുന്നത്.
കഫേ നഷ്ടത്തിലായതിനെ തുടര്‍ന്ന് അത് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് മെയ് 12-ന് ഇയാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് എത്തിയത്. അസുഖം ബാധിച്ച് മുറിയില്‍ വിശ്രമിക്കുകയായിരുന്ന പെണ്‍കുട്ടിയെ, സുഹൃത്തുക്കള്‍ പുറത്തുപോയ സമയം നോക്കി പ്രതി അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇരയായ പെണ്‍കുട്ടി മഡിവാള പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് തങ്ങളെ അപമാനിച്ചതായി പെണ്‍കുട്ടിയും സുഹൃത്തുക്കളും ആരോപിക്കുന്നു. സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നീതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മെയ് 18-ന് പെണ്‍കുട്ടി ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡി.സി.പിയെ നേരിട്ട് കണ്ട് പരാതി നല്‍കുകയായിരുന്നു. ഡി.സി.പിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംഭവം നടന്ന് ആറ് ദിവസങ്ങള്‍ക്ക് ശേഷം മെയ് 18-ന് മഡിവാള പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായതും ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയതും.















