പാട്ന: നീറ്റ്-യു.ജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ നടപടിയില്‍ വലിയ മാനസിക-സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിയ ആശ്വാസമേകി ബിഹാര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. പുനഃപരീക്ഷയ്‌ക്കെത്തുന്ന മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും സംസ്ഥാനത്തുടനീളം സൗജന്യ ബസ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി അറിയിച്ചു. ബിഹാര്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ നീറ്റ് അഡ്മിറ്റ് കാര്‍ഡ് കാണിക്കുന്നവര്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.
രണ്ടാമതും പരീക്ഷ എഴുതേണ്ടി വരുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. വലിയ ജനത്തിരക്കുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ പ്രത്യേക റൂട്ടുകളില്‍ അധിക ബസുകള്‍ സര്‍വീസ് നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ട്രാഫിക് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പരീക്ഷാ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് സമീപം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഒപ്പമെത്തുന്ന രക്ഷിതാക്കള്‍ക്കുമായി തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കും.
പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് സമീപം കുടിവെള്ളം, എനര്‍ജി ഡ്രിങ്കുകള്‍, പ്രാഥമിക ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കപ്പെട്ടത് ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തില്‍ പുനഃപരീക്ഷ സുഗമമായി നടത്തുന്നതിനായി വിപുലമായ സുരക്ഷാ വിന്യാസവും ക്രമീകരണങ്ങളുമാണ് ബിഹാറിലെ വിവിധ ജില്ലകളില്‍ ഇപ്പോള്‍ പൂര്‍ത്തിയായി വരുന്നത്.















