ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയെ നടുക്കി റെയില്‍വേ ട്രാക്കിന് സമീപം വന്‍ സ്‌ഫോടനം. ക്വറ്റയിലെ ചമന്‍ ഫടക് റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിനും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങള്‍ക്കും ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ശക്തമായ സ്‌ഫോടനത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള കെട്ടിടങ്ങളുടെ ജനലുകളും ഗ്ലാസ് പാനലുകളും തകര്‍ന്നുവീണു. അപകടത്തില്‍ പരിക്കേറ്റ നിരവധി പേരെ ഉടനടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ക്വറ്റയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും അധികൃതര്‍ മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധിയിലായിരുന്ന ഡോക്ടര്‍മാരെയും മറ്റ് നഴ്‌സിംഗ് ജീവനക്കാരെയും ആശുപത്രികളിലേക്ക് അടിയന്തിരമായി തിരിച്ചുവിളിച്ചു.
അപകടത്തെത്തുടര്‍ന്ന് പെഷവാറിലേക്ക് പുറപ്പെടാനിരുന്ന ജാഫര്‍ എക്‌സ്പ്രസ് ക്വറ്റ സ്റ്റേഷനില്‍ തന്നെ യാത്ര നിര്‍ത്തിവെച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നഗരത്തിലുടനീളം കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ ഒരുക്കിയിരിക്കുന്നത്. ‘രക്ഷാപ്രവര്‍ത്തനവും തെളിവ് ശേഖരണവും തടസ്സമില്ലാതെ നടത്തുന്നതിനായി പൊതുജനങ്ങള്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കൂട്ടംകൂടരുത്.’ – ആഭ്യന്തരമന്ത്രിയുടെ വക്താവ് ബാബര്‍ യൂസഫ്‌സായ് അഭ്യര്‍ത്ഥിച്ചു.
സംഭവസ്ഥലം ഇപ്പോള്‍ സുരക്ഷാ സേനയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. സ്‌ഫോടനത്തിന്റെ ആസൂത്രണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.















