ജിന്ദ് (ഹരിയാന): ഇന്ധനം ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എണ്ണ, സ്വര്‍ണം തുടങ്ങിയ ഇറക്കുമതി ഉല്‍പന്നങ്ങളുടെ ഉപഭോഗം കുറയ്‌ക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും വിദേശനാണ്യ ശേഖരത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലുള്ള ബിബിപൂര്‍ ഗ്രാമം സന്ദര്‍ശിച്ച് സുനില്‍ ജഗ്ലാന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഔദ്യോഗിക അകമ്പടി വാഹനങ്ങളുടെ എണ്ണം താനും കുറച്ചിട്ടുണ്ടെന്ന് ഖട്ടര്‍ അറിയിച്ചു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെക്കുറിച്ചും മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു. മെയ് 21-ന് രാജ്യം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകതയായ 271 ജിഗാവാട്ട് രേഖപ്പെടുത്തിയെന്നും, ഈ ആവശ്യം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നിറവേറ്റാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക ബോധവല്‍ക്കരണത്തിനും പരിഷ്‌കരണത്തിനുമായി സുനില്‍ ജഗ്ലാന്‍ ആരംഭിച്ച ‘സെല്‍ഫി വിത്ത് ഡോട്ടര്‍’, ‘ഗലി ബന്ദ് ഘര്‍ അഭിയാന്‍’ തുടങ്ങിയ ജനകീയ കാമ്പെയ്നുകളെയും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളെയും കേന്ദ്രമന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.















