ലക്നൗ: ഉത്തർപ്രദേശിലെ കൗശാംബിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമം. രണ്ട് വനിതാ അധ്യാപകർക്കെതിരെ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2021ലെ യുപി മതപരിവർത്തന നിരോധന നിയമപ്രകാരമാണ് നടപടി.
സ്കൂൾ കേന്ദ്രീകരിച്ചാണ് മത പരിവർത്തനത്തിനുള്ള ശ്രമം നടന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ നിർബന്ധിത പ്രാർത്ഥനയ്‌ക്ക് ഇരയാക്കിയെന്നാണ് പരാതി. വിദ്യാർത്ഥിനിയെക്കൊണ്ട് നിർബന്ധിതമായി ഉറുദു പുസ്തകങ്ങൾ വായിപ്പിക്കാനും ഇസ്ലാമിക പ്രാർത്ഥന ചൊല്ലിപ്പിക്കാനും ശ്രമിച്ചതായി പിതാവിന്റെ പരാതിയിൽ പറയുന്നു.
പുറത്തുനിന്നുള്ള യുവാക്കളെ എത്തിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതം മാറ്റാൻ ആസൂത്രിത ശ്രമം നടന്നതായും ആക്ഷേപമുണ്ട്. സ്കൂൾ പരിസരം കേന്ദ്രീകരിച്ചാണ് ഈ യുവാക്കളുടെ പ്രവർത്തനം. ഇവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ “ബ്രെയിൻ വാഷ്” ചെയ്ത് “മതം മാറ്റാൻ” ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചു. ലവ് ജിഹാദിനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു.
സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടി സ്കൂളിൽ പോകുന്നത് നിർത്തി. സ്കൂൾ അധികൃതർക്കെതിരെ കൗശാംബി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.















