മിയാമി: ഫിഫ ലോകകപ്പ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, അര്‍ജന്റീന ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിക്ക് പരിക്കേറ്റത് കനത്ത ആശങ്കയാകുന്നു. മെസ്സിയുടെ ഇടത് കാലിലെ ഹാംസ്ട്രിങ് പേശികള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍ മിയാമിയുടെ എം.എല്‍.എസ് മത്സരത്തിന് ശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് പേശീവലിവ് സ്ഥിരീകരിച്ചത്.
ഫിലാഡല്‍ഫിയ യൂണിയനെതിരെ നടന്ന ആവേശകരമായ മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് മെസ്സിക്ക് കളം വിടേണ്ടി വന്നത്. മത്സരത്തിനിടയില്‍ പലതവണ മെസ്സി ഇടതുകാലിന്റെ പിന്‍ഭാഗത്ത് കൈവെക്കുന്നതും ഓടാന്‍ ബുദ്ധിമുട്ടുന്നതും കാണാമായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പരിശീലകന്‍ പിന്‍വലിക്കുകയായിരുന്നു. എങ്കിലും മറ്റു സഹായങ്ങളൊന്നുമില്ലാതെയാണ് മെസ്സി മൈതാനം വിട്ടത്. മത്സരത്തില്‍ ഇന്റര്‍ മിയാമി 6-4 ന് വിജയിച്ചിരുന്നു. പരിക്കേല്‍ക്കുന്നതിന് മുന്‍പ് ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മെസ്സി വഴിയൊരുക്കുകയും ചെയ്തു.
മെസ്സിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നോ, അദ്ദേഹം എപ്പോള്‍ കളത്തിലേക്ക് തിരിച്ചെത്തുമെന്നോ ഉള്ള കാര്യത്തില്‍ ഇന്റര്‍ മിയാമി ക്ലബ് കൃത്യമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശാരീരിക പുരോഗതി വിലയിരുത്തിയ ശേഷം മാത്രമേ തിരിച്ചുവരവ് തീരുമാനിക്കൂ എന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഇത്തരം ഹാംസ്ട്രിങ് പരിക്കുകള്‍ ഭേദമാകാന്‍ ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ എടുത്തേക്കാം.
2022-ല്‍ ഖത്തറില്‍ നേടിയ ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ അര്‍ജന്റീന പരിശീലന ക്യാമ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മെസ്സിയുടെ പരിക്ക് വാര്‍ത്ത പുറത്തുവരുന്നത്. ജൂണ്‍ 6-ന് ഹോണ്ടുറാസിനെതിരെയും ജൂണ്‍ 9-ന് ഐസ്ലന്‍ഡിനെതിരെയും അര്‍ജന്റീനയ്‌ക്ക് സൗഹൃദ മത്സരങ്ങളുണ്ട്. അതിനുശേഷമാണ് അവര്‍ ലോകകപ്പ് പോരാട്ടങ്ങളിലേക്ക് കടക്കുന്നത്. ജൂണ്‍ 16-ന് അള്‍ജീരിയയ്‌ക്കെതിരെയാണ് ഗ്രൂപ്പ് ജെ-യിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം. ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
തന്റെ ആറാമത്തെ ലോകകപ്പിനാണ് 38-കാരനായ മെസ്സി ഇത്തവണ ബൂട്ട് കെട്ടാനൊരുങ്ങുന്നത്. ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബോള്‍ (2014, 2022) നേടിയ ഏക താരമായ മെസ്സിയുടെ പരിക്ക് ഗുരുതരമല്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അര്‍ജന്റീനന്‍ ക്യാമ്പും ഫുട്‌ബോള്‍ ലോകവും.















