ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് മുന്‍പ് ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട വി ഡി സതീശന്‍ മുഖ്യമന്ത്രിയായതിന് ശേഷം ഈ വിഷയത്തില്‍ തുടരുന്ന മൗനം അങ്ങേയറ്റം ദുരൂഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ പറഞ്ഞു. സിബിഐ അന്വേഷണം ഉണ്ടായാല്‍ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി നടത്തിയ തുടര്‍ച്ചയായ കൂടിക്കാഴ്ചകളുടെ രഹസ്യം പുറത്താകുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നുണ്ടോയെന്നും അദ്ദേഹം ചേദിച്ചു.
ജനങ്ങളെ വഞ്ചിക്കുന്നതിലും വ്യാജവാഗ്ദാനങ്ങള്‍ നല്‍കുന്നതിലും കോണ്‍ഗ്രസും സിപിഎമ്മും എന്നും ഒറ്റക്കെട്ടാണ്. അവര്‍ ‘രണ്ടല്ല, ഒന്നാണ്’ എന്ന് ഇവിടെ വീണ്ടും തെളിയുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയും അയ്യപ്പവിശ്വാസികള്‍ക്കെതിരെ നടന്ന അനീതികളും ചര്‍ച്ചാവിഷയമാകില്ലെനാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റി. ബിജെപി-എന്‍ഡിഎ മുന്നണിക്കും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പഭക്തര്‍ക്കും ശബരിമലയിലെ ആചാരലംഘനങ്ങള്‍ വളരെയധികം വേദനയുണ്ടാക്കിയൊരു സംഭവമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇല്ലെങ്കിലും, ഞങ്ങളുടെ ക്ഷേത്രം കൊള്ളയടിച്ചവരെയും അതിന് കൂട്ടുനിന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ക്ക് വിശ്രമമില്ല, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഉടനടി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുക, കൊള്ളയ്‌ക്ക് പിന്നിലുള്ള എല്ലാ കുറ്റവാളികളെയും അവര്‍ക്ക് കൂട്ടുനിന്ന രാഷ്‌ട്രീയ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ജയിലിലടയ്‌ക്കുകയും ചെയ്യുക, ആചാര സംരക്ഷണ സമരത്തില്‍ പങ്കെടുത്ത അയ്യപ്പഭക്തര്‍ക്കെതിരെ എടുത്ത മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ബിജെപി ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.















