കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വന്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം നല്‍കുന്ന ‘അന്നപൂര്‍ണ യോജന’യുടെ അപേക്ഷാ ഫോമുകള്‍ മേയ് 27 മുതല്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ മദ്യശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും സബ്സിഡി നിരക്കില്‍ ഭക്ഷണം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നദിയയിലെ കല്യാണിയില്‍ നടന്ന ഭരണതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അര്‍ഹരായ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നാകും ഫോമുകള്‍ വിതരണം ചെയ്യുക. ജൂണ്‍ 1 മുതല്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തും. സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഇനി മുതല്‍ പുതിയ മദ്യഷോപ്പുകള്‍ അനുവദിക്കില്ല. സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന 400 പ്രത്യേക കന്റീനുകള്‍ വഴി ആഴ്ചയില്‍ രണ്ടുതവണ 5 രൂപ നിരക്കില്‍ മീന്‍ കൂട്ടിയുള്ള ഊണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.
ആരോഗ്യരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് വേര്‍പെടുത്തിക്കൊണ്ട് പുതിയ ‘ആയൂഷ്’ വകുപ്പ് രൂപീകരിക്കും. അനധികൃതമായി ബംഗാളില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഇവരെ കണ്ടെത്തി നാടുകടത്തുന്നതിന് മുന്നോടിയായി പാര്‍പ്പിക്കുന്നതിനായി പ്രത്യേക ‘ഹോള്‍ഡിങ് സെന്ററുകള്‍’ അടിയന്തരമായി സ്ഥാപിക്കാന്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
പിടിയിലാകുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ തുടര്‍നടപടികള്‍ക്കായി അതിര്‍ത്തി രക്ഷാസേനയ്‌ക്ക് കൈമാറും. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മുന്‍പ് നടന്ന ക്രമക്കേടുകള്‍ തടയുന്നതിനായി അടുത്ത ബജറ്റ് സമ്മേളനത്തില്‍ പുതിയ റിക്രൂട്ട്‌മെന്റ് നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുള്ള പ്രത്യേക ബില്ലുകള്‍ വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.
ബംഗാളില്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്‌ട്രീയ അക്രമ സംഭവങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താന്‍ പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍പ് വേണ്ടത്ര രീതിയില്‍ അന്വേഷണം നടക്കാത്ത എല്ലാ കൊലപാതകങ്ങളെയും അക്രമങ്ങളെയും കുറിച്ച് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.















