ആലപ്പുഴ: കായംകുളം കറ്റാനത്ത് കെ.പി റോഡിലെ ഒരു വാണിജ്യ സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. കറ്റാനം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് ബുധനാഴ്ച രാത്രി എട്ടരയോടെ തീപിടിച്ചത്. അപകടത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന പ്രമുഖ വസ്ത്രവ്യാപാര ശാലയും ജിംനേഷ്യവും പൂര്‍ണ്ണമായും കത്തിനശിച്ചു. സംഭവസ്ഥലത്ത് അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തീയണയ്‌ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
തീപിടിക്കുന്ന സമയത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലെ സ്ഥാപനത്തിലും മുകളിലെ ജിമ്മിലും ആളുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഇവര്‍ എല്ലാവരും സുരക്ഷിതമായി പുറത്തിറങ്ങിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കെട്ടിടത്തില്‍ ആളിപ്പടര്‍ന്ന തീ നിലവില്‍ സമീപത്തുള്ള മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപ ജില്ലകളില്‍ നിന്നടക്കമുള്ള അഗ്‌നിരക്ഷാ യൂണിറ്റുകളുടെ സഹായം തേടിയിട്ടുണ്ട്. നിലവില്‍ കായംകുളം, മാവേലിക്കര എന്നിവയ്‌ക്ക് പുറമെ അടൂര്‍, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.















