പാലക്കാട്: പ്രശസ്തമായ പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ അവാർഡിന് ജനം ടിവി പാലക്കാട് ബ്യൂറോ റിപ്പോർട്ടർ അരുൺ ആലത്തൂർ അർഹനായി. മലമ്പുഴ ഡാമിൽ നിന്ന് നിയമവിരുദ്ധമായി മണ്ണ് കടത്തുന്നതുമായി ബന്ധപ്പെട്ട് അരുൺ നടത്തിയ മികച്ച അന്വേഷണാത്മക റിപ്പോർട്ടിങ് മുൻനിർത്തിയാണ് ഈ പുരസ്കാരം.
പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ജാഗ്രതയെയും ഉത്തരവാദിത്തത്തെയും കൃത്യമായി ബോധ്യപ്പെടുത്തുന്നതായിരുന്നു അരുണിന്റെ വാർത്താ പരമ്പരയെന്ന് ജൂറി കമ്മിറ്റി വിലയിരുത്തി. സമൂഹത്തിൽ വലിയ സ്വാധീനമുണ്ടാക്കാൻ ഈ റിപ്പോർട്ടിന് സാധിച്ചുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
11,111 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ വർഷത്തെ പുരസ്കാരം. മേയ് 29-ന് ചാലപ്പുറം കേസരി ഭവനിൽ സംഘടിപ്പിക്കുന്ന പി.വി.കെ നെടുങ്ങാടി സ്മാരക അനുസ്മരണ ചടങ്ങിൽ വെച്ച് അവാർഡ് ജേതാവിന് പുരസ്കാരം സമ്മാനിക്കും.















