പാലക്കാട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് പാലക്കാട് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പ്രമുഖ ഗുണ്ടാ നേതാവും. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും പോലീസ് കാപ്പാ ചുമത്തി നാടുകടത്തുകയും ചെയ്ത അത്തിമണി അനിലാണ് സിപിഎമ്മിന്റെ പ്രതിഷേധത്തിൽ പങ്കെടുത്തത്
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിലെ അത്തിമണിയിൽ നടന്ന പരിപാടിയിലാണ് അത്തിമണി അനിൽ പങ്കെടുത്തത് കവർച്ച മുതൽ കൈപ്പറ്റുക, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, അനധികൃതമായി സ്പിരിറ്റ് കടത്തുക, ഭീഷണിപ്പെടുത്തി ദോഹോപദ്രവം ഏൽപ്പിക്കുക, കവർച്ച മുതൽ ഒളിപ്പിക്കാൻ സഹായിക്കുക എന്നീ കുറ്റങ്ങൾക്കാണ് അത്തിമണി അനിലിനെ 2022ൽ പോലീസ് കാപ്പാ ചുമത്തി നാട് കടത്തിയത്.
2017ൽ ഗോപാലപുരം ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അത്തിമണി അനിൽ. ചിറ്റൂർ മേഖലയിൽ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. വിഎസ് സർക്കാരിന്റെ കാലത്ത് ഗുണ്ടാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അത്തിമണി അനിൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഒരു കൊലക്കേസിലും പ്രതിയാണ് ഇയാൾ
സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനിൽ 2019 ൽ കാറിൽ സ്പിരിറ്റ് നടത്തുന്നതിനിടെ പിടിയിലായതോടെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കിയതായി പറഞ്ഞിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് പറയുന്ന അതേ വ്യക്തിയാണ് ഇന്നലെ സിപിഎമ്മിന്റെ പ്രകടനത്തിൽ പങ്കെടുത്തിരിക്കുന്നത്.















