ആലപ്പുഴ: കായംകുളം ആറാട്ടുപുഴയിൽ വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കായലിൽ കെട്ടിത്താഴ്‌ത്തിയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ. പ്രദേശവാസിയായ പ്രകാശനാണ് പോലീസിന്റെ പിടിയിലായത്. പ്രദേശത്ത് നിന്ന് തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് തൊട്ടു മുൻപുള്ള ദിവസം തങ്കമ്മയുടെ വീട്ടിൽ ഗ്യാസ് റിപ്പയർ ചെയ്യാൻ പ്രകാശൻ എത്തിയിരുന്നു. പ്രകാശനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് വിവസ്ത്രയാക്കപ്പെട്ട നിലയിൽ വയോധികയുടെ മൃതദേഹം കായലിൽ കണ്ടെത്തിയത്. കൈകാലുകൾ പരസ്പരം ബന്ധിച്ചും, മൃതദേഹം താഴ്ന്നു കിടക്കാൻ കഴുത്തിൽ വലിയ കല്ല് കെട്ടിയ നിലയിലുമായിരുന്നു.
വീട്ടിൽ തനിച്ചു താമസിച്ചിരുന്ന തങ്കമ്മയെ രണ്ട് ദിവസമായി കാണാനില്ലെന്ന് നാട്ടുകാരാണ് മകളെ അറിയിച്ചത്. അതേതുടർന്ന് മകൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിക്കുന്നത്. തങ്കമ്മ ധരിച്ചിരുന്ന സ്വർണ്ണവളകളും മോതിരവും പണവും നഷ്ടപ്പെട്ടതിനാൽ സ്വർണ്ണം കവരാൻ നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തങ്കമ്മയെ ജീവനോടെയാണ് കായലിൽ കെട്ടിത്താഴ്‌ത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തലയ്‌ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, കായലിലെ വെള്ളം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
.















