ബംഗളുരു: കനത്ത ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് പ്രവേശിച്ച ഒരു ടെക്കി ചൊവ്വാഴ്ച മൈസൂരുവിനടുത്തുള്ള ഒരു നെൽവയലിൽ ഇടിമിന്നലേറ്റ് മരിച്ചു. കുമടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് മരിച്ചത്. നാൽപ്പത്തിമൂന്നു വയസായിരുന്നു. അടുത്തിടെയാണ് ഐടി മേഖലയിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം കൃഷി ചെയ്യാൻ തീരുമാനിച്ചത്. സഹപ്രവർത്തകനൊപ്പം ചേർന്ന് കൃഷി ആരംഭിക്കുകയായിരുന്നു. ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന മാർക്കറ്റിങ് സംരംഭവും അദ്ദേഹം തുടങ്ങിയിരുന്നു.
തന്റെ കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവിൽ ഒരു കൃഷിസ്ഥലം നോക്കാൻ റോഷൻ ഭാര്യക്കും മകനും ഒപ്പം എത്തിയതായിരുന്നു . ഇതിനിടെ മാങ്ങ പറിക്കാനുള്ള ശ്രമത്തിനിടെ അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലിൽ ആണ് ഇദ്ദേഹത്തിന് പരുക്ക് പറ്റിയത്. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരണം സംഭവിച്ചു. അപകടസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും സംഭവത്തിൽ പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു.















