തിരുവനന്തപുരം: വേനലവധിക്ക് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും സജീവമാകുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ള ചരിത്രപരമായ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ എന്‍.ഷംസുദ്ദീന്‍, കെ. മുരളീധരന്‍, സി.പി.ജോണ്‍ എന്നിവരും സന്നിഹിതരാകും.
മറ്റ് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതെങ്കില്‍, കാസര്‍കോട് ജില്ലയില്‍ ഇത്തവണ രണ്ട് വ്യത്യസ്ത ചടങ്ങുകളാണ് നടക്കുക.
കൈകോട്ടുകടവ് സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ചായോത്ത് സ്‌കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവേശനോത്സവം കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തില്‍ ചായോത്ത് സ്‌കൂളില്‍ മാത്രം ജില്ലാതല പരിപാടി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് ചടങ്ങുകള്‍ രണ്ടായി വിഭജിച്ചതെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.















