അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലിലെ പരാജയത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന് വീണ്ടും വന്‍ സുരക്ഷാ ഭീതി. കലാശപ്പോരാട്ടത്തിന് ശേഷം സ്റ്റേഡിയത്തില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഗുജറാത്ത് താരങ്ങളും ജീവനക്കാരും സഞ്ചരിച്ച ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചു. വാഹനത്തിനുള്ളില്‍ പുക പടര്‍ന്നതിനെ തുടര്‍ന്ന് കളിക്കാരെയും സ്റ്റാഫ് അംഗങ്ങളെയും അടിയന്തരമായി പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരക്കാരന്‍ ബസ് എത്തുന്നതുവരെ താരങ്ങള്‍ക്ക് റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നു.
ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട നിരാശയിലായിരുന്ന ടീമിന് ഇരട്ടപ്രഹരമായി ഈ അപകടം. രണ്ടാമതൊരു ഐപിഎല്‍ കിരീടം കൂടി സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ആര്‍സിബിക്ക് മുന്നില്‍ ഗുജറാത്ത് കൈവിട്ടത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീണ്ട യാത്രകള്‍ സമ്മാനിച്ച ക്ഷീണത്തിലായിരുന്നു ഗുജറാത്ത് ടീം. മെയ് 29-ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിനായി ധര്‍മ്മശാലയില്‍ നിന്ന് മുള്ളന്‍പൂരിലേക്ക് യാത്ര ചെയ്ത ടീമിന്, മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്രാ തടസ്സങ്ങള്‍ നേരിട്ടിരുന്നു. മെയ് 30-ന് അഹമ്മദാബാദിലേക്ക് തിരിക്കേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകിയാണ് ടീം നഗരത്തില്‍ എത്തിയത്.
തുടര്‍ച്ചയായ മത്സരങ്ങളും യാത്രാക്ഷീണവുമാണോ ഫൈനലിലെ മോശം പ്രകടനത്തിന് കാരണമെന്ന ചോദ്യത്തോട് ഗുജറാത്ത് ടൈറ്റന്‍സ് ക്രിക്കറ്റ് ഡയറക്ടര്‍ വിക്രം സോളങ്കി പ്രതികരിച്ചു. ‘കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടി വന്നെന്നും ഞങ്ങള്‍ ക്ഷീണിതരാണെന്നും പറഞ്ഞ് ആര്‍സിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് കുറച്ചുകാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഫൈനലില്‍ ഞങ്ങള്‍ നേടിയത് ചെറിയ ടോട്ടല്‍ ആയിരുന്നുവെങ്കിലും അത് പ്രതിരോധിക്കാന്‍ ടീം മികച്ച പോരാട്ടവീര്യം കാഴ്ചവെച്ചു. നന്നായി കളിച്ച എതിരാളികളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല,’ സോളങ്കി വ്യക്തമാക്കി.















